Wednesday, October 30, 2013

പുനസമാഗമം

അവളെന്നെ വിട്ടു പിരിഞ്ഞിട്ടിപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു... മറക്കാനൊരുപാട് ശ്രമിക്കാറുണ്ട്... അപ്പോള്‍ ചോദിക്കും എന്തിനു മറക്കണം എന്ന്‍... .... ശരിയാണ് എന്തിനാണ് മറക്കുന്നത് .. എനിക്കും അതിനു വ്യക്തമായ ഒരുത്തരം കിട്ടിയിട്ടില്ല......അവളുടെ അഭാവം വേദനിപ്പിക്കുന്ന ഒരെകാന്തത ചിലപ്പോഴെങ്കിലും സമ്മാനിക്കുന്നത് കൊണ്ടാണോ? പക്ഷെ എന്റെ വിരസമായ ഏകാന്ത ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ആശ്വാസം അവളുടെ ഓര്‍മകളല്ലേ?...അവളുടെ എന്നതിനപ്പുറം അവളോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞ ചുരുങ്ങിയ ചില നിമിഷങ്ങളല്ലേ?..എന്നിട്ടും എന്തിന്? എന്തിന് മറക്കണം?..എനിക്കറിയില്ല.. അവളെന്നെ വിട്ടുപിരിഞ്ഞ ശേഷം മറ്റൊരു പെന്കുട്ടിയോടും ഒരു പരിധിയില്‍ കവിഞ്ഞ അടുപ്പം തോന്നിയിട്ടില്ല..എങ്കിലും ലക്ഷ്മി അവളോട്‌ എന്തോ ഒരു മമത തോന്നുന്നുവോ എനിക്ക്.. ഇനി അതാവുമോ എന്റെ രേവുവിനെ മറക്കണം എന്നൊരു തോന്നലിനു പിന്നില്‍ ? .. 

ഓ രേവുവിനെ  നിങ്ങള്‍ക്കറിയില്ലല്ലോ.. എന്റെ എന്റേത് മാത്രമായിരുന്ന രേവു.. എന്ന രേവതി...എന്റെ ജീവിതത്തിലേക്ക്‌ പെട്ടൊന്നൊരു ദിവസം അപ്രതീക്ഷിതമായി അവള്‍ കടന്നു വന്നത് ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു...അധികമൊന്നും സംസാരിക്കാത്ത ആ ചുരുണ്ട തലമുടിയും നീല കണ്ണുകളുമുള്ള ഇരുണ്ട നിറക്കാരി എന്റെ ആരൊക്കെയോ ആണെന്നൊരു തോന്നല്‍ പ്രഥമ ദര്‍ശനത്തില്‍  തന്നെ എന്റെ ഉള്ളില്‍ നിറഞ്ഞു...
അധികം ആരോടും സംസാരിക്കാത്ത അവള്‍ മെല്ലെ മെല്ലെ എന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു.. ഒപ്പം അവളുടെ ഹൃദയത്തിലേക്ക്‌ ഞാനും ചേക്കേറുകയായിരുന്നു..കലാലയ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ കടന്നു പോയത് പെട്ടെന്നായിരുന്നു..പിരിഞ്ഞു നില്‍ക്കേണ്ടിവന്ന നിമിഷങ്ങളാണ് കൊഴിഞ്ഞ ദിനങ്ങളുടെ സൌന്ദര്യം കൂടുതല്‍ മനസ്സിലക്കിതന്നത്..ആ വിരഹം താങ്ങാന്‍ മനസിന്‌ അധികനാള്‍ കഴിയില്ലെന്നറിഞ്ഞ ഞാന്‍ അവളെ ഒരു താലിച്ചരടിന്റെ ഔപചാരികതയില്‍ ജീവിത സഖിയാക്കി....
മധുവിന്റെ ലഹരിയണയും മുന്നേ വിധി അവളെ എന്നില്‍ നിന്നകറ്റി..കടുത്ത നിരാശയിലാഴ്ന്ന ഞാന്‍ ജീവിതത്തിലേക്ക്‌ തന്നെ മടങ്ങി വരുമോ എന്ന്‍ വീട്ടുകാരും കൂട്ടുകാരും ഭയന്നു.. എങ്കിലും  മറ്റാരെയും പോലെ മെല്ലെ മെല്ലെ ഞാനും എല്ലാം മറക്കുമെന്നായിരുന്നു അവരുടെയൊക്കെ പ്രതീക്ഷ....അവരുടെ സ്നേഹത്തിനും ഉപദേശങ്ങള്‍ക്കും കുറെയൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും..ഒരുതരം അന്തര്‍മുഖത്വം എന്നില്‍ കുടിയേറുകയുണ്ടായി എന്ന പറയാം.

അങ്ങനെയിരിക്കേ ഒരു സായാഹ്നത്തിലെ അലസമായ പത്ര വായനക്കിടയിലാണ്..ആന്റിയില്ലേ എന്ന ചോദ്യം എന്റെ ശ്രദ്ധ തിരിച്ചത്..അമ്മയെ അന്വേഷിച്ചെത്തിയ അടുത്ത വീട്ടിലെ പുതിയ താമസക്കാരിക്കുട്ടി..അവളെക്കുറിച്ചാണ് ആദ്യം പറഞ്ഞത്‌....അകത്തുണ്ട് എന്ന ഉത്തരത്തോടൊപ്പം എന്റെ കണ്ണുകള്‍ തിരികെ പത്രത്തിലേക്ക് പോയി ...പിന്നീടും പല തവണ അവള്‍ വീട്ടിലേക്ക്‌ വന്നു..വരുമ്പോഴെല്ലാം ഒരുപാട് അമ്മയോട്‌ വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു.... അമ്മയ്ക്കും ഒരുപാട് പറയാനുണ്ടായിരുന്നു അവളെക്കുറിച്ച്..ആദ്യമൊക്കെ ഒട്ടും താല്പര്യം തോന്നിയില്ലെങ്കിലും മെല്ലെ മെല്ലെ ഞാന്‍ തന്നെ അറിയാതെ അവളെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന്‍ പറയാം...കുറെ നാളുകള്‍ കൊഴിഞ്ഞപ്പോഴേക്കും അവള്‍ എന്റെ വീട്ടിലെ ഒരംഗം പോലെയായിരുന്നു... അമ്മയോടോപ്പമുള്ള സല്ലാപങ്ങളില്‍ ചിലപ്പോഴൊക്കെ  ഞാനും ഒരു ഭാഗമായി മാറി..അതെനിക്ക് എന്തോ ഒരുന്മേഷം ഏകുന്നുണ്ടായിരുന്നു.....അന്ന് വൈകുന്നേരം അവളെത്തുമ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ല...അനുവാദം ചോദിക്കാതെ തന്നെ കതകു തള്ളിതുറന്നു അകത്തേക്ക കയറിയ അവളോട് അമ്മയിവിടെയില്ലല്ലോ എന്നായിരുന്നു എന്റെ പ്രതികരണം.. അതിനെന്താ അനുവില്ലേ ഇവിടെ എന്നവളുടെ മറുചോദ്യം..അല്പം ചമ്മലോടെയൊരു ചെറു പുഞ്ചിരി ആയിരുന്നു എന്റെ മറുപടി..എന്തോ ഒരു പരിഭ്രമം എന്റെ ഉള്ളില്‍  ...അതെന്റെ മുഖത്ത് നിന്നും വായിചെടുതെന്നോണം അവള്‍ വീണ്ടും ചോദിച്ചു... എന്തേ അനുവിന് എന്നെ പേടിയുണ്ടോ..
ഒരുനിമിഷത്തെ മൌനം...ഒരു യുഗം പോലെ തോന്നി എനിക്കപ്പോള്‍ ...ഒരല്പനേരത്തെ കാത്തിരിപ്പിന് ശേഷം അവള്‍ വീണ്ടും..എന്തേ അനുവിന് എന്റെ മുഖത്തേക്ക്‌ നോക്കാന്‍ കൂടി പേടിയാണോ...ഇങ്ങനെയും ആണുങ്ങള്‍ ഉണ്ടോ ഇക്കാലത്ത്‌? ചോദിച്ച് കൊണ്ട് തന്നെ അവള്‍ എന്റെ കൈത്തലം കടന്നു പിടിച്ചു...

..മുംബൈയിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും ഇതുവരെയുള്ള അവളുടെ ഒരു പെരുമാറ്റത്തിലും ഒരു ഗ്രാമീണ പെണ്‍കൊടിയുടേത്തില്‍ നിന്നും വ്യത്യാസം കണ്ടിരുന്നില്ല.. അത് തന്നെയായിരുന്നു അമ്മയ്ക്ക് അവളോടുള്ള പ്രത്യേക താല്പര്യവും...

പെട്ടെന്നുള്ള ഈ പ്രതികരണം അതുകൊണ്ട് തന്നെ എനിക്ക് എന്തോ ഒരസ്വസ്ഥതയുളവാക്കി...ചോദ്യഭാവത്തില്‍ ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി...അപ്പോഴാണ്‌ ശെരിക്കും ഞാന്‍ അവളുടെ കണ്ണുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്...എവ്ടെയോ കണ്ട് പരിചയമുള്ള ആ നീല നയനങ്ങള്‍ എന്നെ മാടിവിളിക്കുന്നത് പോലെ തോന്നിയെനിക്ക്...നോക്കി നോക്കി നില്‍ക്കെ ഞാന്‍ അവളെ മെല്ലെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു...അപ്പോഴും അവളുടെ കണ്ണുകളിലേക്ക് തന്നെയായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍...അതെ അനു അവന്റെ രേവുവിനെ വീണ്ടും കണ്ടെത്തുകയായിരുന്നു...ലക്ഷ്മിയിലൂടെ ...ഞങ്ങളൊന്നാവുകയായിരുന്നു ...എന്നെന്നേക്കുമായി...