Saturday, May 24, 2008

മഴ

ഇടിയും മിന്നലുമെന്നില്‍ ഭീതി നിറച്ചു...
അധികരിപ്പിയ്ക്കുന്നെന്നിലെ ഭയത്തെ..
വീശിയടിയ്ക്കുന്നൊരാ കാറ്റില്‍...
ആടി ഉലയുന്ന മരങ്ങളൊക്കെയും..
എന്താണെന്നുള്ളിലെനിയ്ക്കറിയില്ല...
ഭയമുള്ളിലൊതുക്കി പുറത്തേക്കിറങ്ങി
ഞാനെന്‍ മനസ്സിന്‍ വാതില്‍ തുറന്ന്...
ഇറുകെയടച്ചിരുന്നു ഞാനെന്‍ കണ്ണുകള്‍...
കാതിലലയ്ക്കുന്നുവോ കാറ്റിലുലയുന്ന
മരച്ചില്ലകള്‍ തന്‍ മര്‍മരം...
ഇല്ല ശമിയ്ക്കുകയാണാ ശബ്ദകോലാഹലം..
മെല്ലെ തുറന്നൊരെന്‍ കണ്ണുകളിലേയ്ക്ക്‌..
വന്നു പതിച്ചൊരു മഴത്തുള്ളിയായ്‌...
മനോഹരമാം നിന്‍ പുഞ്ചിരി...
പിന്നീടതൊരു കുളിര്‍മഴയായ്‌...
പെയ്തിറങ്ങുകയായിരുന്നെന്‍ ഹൃത്തിലേയ്ക്ക്‌..
ആ വേനല്‍ മഴ നല്‍കുമൊരാശ്വാസത്തില്‍..
ഇറ്റുമയങ്ങിടട്ടെ ഞാന്‍ നിന്റെ മടിത്തട്ടില്‍..

Thursday, May 8, 2008

കണ്ണുകള്‍

മറ്റെന്തിനേക്കാളും സ്നേഹിക്കുന്നു ഞാനാ കണ്ണുകളെ...
ആദ്യമെന്‍ ശ്രദ്ധ പോയതുമാ
വശ്യ സുന്ദരമാം നയനങ്ങളിലേയ്കായിരുന്നു...
എന്തായിരുന്നാ കണ്‍കോണുകളിലെ വികാരം
വ്യക്തമായിരുന്നില്ലതെന്തായാലും.. ഒറ്റ നോട്ടത്തില്‍...
ഒരുവേള ഞാന്‍ കണ്ടത്‌ പ്രണയത്തിനൊളിയെങ്കില്‍
മറ്റൊരിയ്ക്കല്‍ ഒളിയ്ക്കാന്‍ കഴിയാതിരുന്നൊരു ദുഖഭാവം
ഇനിയും ചിലപ്പോഴൊരു കുഞ്ഞിന്റെ കുറുമ്പായിരുന്നു
ഞാന്‍ ദര്‍ശിച്ചതാ കണ്‍കോണുകളില്‍...
ഇനിയും കണ്ടിട്ടില്ല ഞാനാ മിഴികള്‍ സജലമായ്‌...
അറിയില്ലെനിക്ക്‌ കരുത്തുണ്ടുവോ...
നിറഞ്ഞുകാണുവാനിത്ര സുന്ദരമാം മിഴികള്‍...
.....
എത്ര നന്നായിരുന്നേനെയെല്ലാം എനിയ്ക്കാ
കണ്ണുകളിലൂടെയറിയാന്‍ കഴിഞ്ഞുവെങ്കില്‍...

സുന്ദരമാമൊരു സമയം സ്വപ്നം കാണുന്നു ഞാന്‍
പ്രണയത്തിണ്റ്റെ വിവിധഭാവങ്ങള്‍ ഞാനാ
മിഴികളിലൂടെ തൊട്ടറിയുന്നൊരു സമയം
കുഞ്ഞു കുഞ്ഞു പിണക്കങ്ങളില്‍ നിന്‍
മിഴിക്കുമ്പിളില്‍നിറയുന്നൊരാ ആര്‍ദ്രതയും...
പെട്ടെന്നിണങ്ങിടുമ്പോള്‍ നിറഞ്ഞ കണ്ണോടെ
നിന്‍ മുഖത്ത്‌ മൊട്ടിടുന്നൊരാ പുഞ്ചിരിയും..
ലജ്ജയാല്‍ കുനിഞ്ഞ ശിരസ്സോടെ നീ
വരണമാല്യവുമായ്‌ നില്‍ക്കുമ്പോഴും
എനിക്കേറെയിഷ്ടമായ നിന്നൊളികണ്‍ ശരങ്ങളും..
ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ..
പുതു ജീവിതത്തെനൊക്കുന്നൊരാ നവ വധുവിന്‍ മിഴികളും..
പിന്നെയുമൊരമ്മയുടെ വാത്സല്യമാ കണ്ണുകളില്‍
നിറയുന്നൊരാ സുവര്‍ണ്ണ നിമിഷങ്ങളും..
സായാഹ്നത്തിലെന്‍ മിഴികള്‍ മങ്ങുന്നൊരാ വേളയില്‍..
നിന്‍ മിഴികള്‍ പകരും വെളിച്ചം
നുകര്‍ന്നു കിട്ടുന്നൊരാശ്വാസവും...
അങ്ങനെ അങ്ങനെ.
ജീവിതത്തിലെ ഓരോ നിമിഷങ്ങളും...
നിന്റെ കണ്ണുകളിലൂടെ കാണുന്നൊരു സമയം..
അത്തരമൊരു നാള്‍ വന്നണഞ്ഞുവെങ്കിലെന്‍
ജീവിത വഴിയിലേയ്ക്ക്‌....
എങ്കിലെത്ര ഭാഗ്യവാനായിരുന്നു ഞാനും....

Thursday, May 1, 2008

ഓര്‍ക്കുട്ട്

നാട്ടിന്‍ പുറത്തെ സര്‍ക്കാര്‍ സ്കൂളിലെ ഇടനാഴികളില്‍ ആര്‍ക്കോ വേണ്ടി പരതുന്ന രണ്ടു കുഞ്ഞിക്കണ്ണുകളാണ്‌ ഇന്നും മനസ്സില്‍....സ്കൂളിലെ ഒരു സാധാരണ വിദ്യാര്‍ത്ഥി മാത്രമായിരുന്ന എന്നോട്‌ അവള്‍ക്കെന്തിഷ്ടം തോന്നാന്‍? ഒരു വഴിയുമില്ല അതായിരുന്നു എന്നെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം... അവളാകട്ടെ സ്കൂളിലെ താരം....കാരണങ്ങള്‍ പലതുണ്ട്‌...ആദ്യത്തേത്‌ അമ്മ സ്കൂളിലെ അധ്യാപിക...പിന്നെ അച്ഛന്‍ ഉയര്‍ന്ന സര്‍ക്കര്‍ ഉദ്യോഗസ്ഥന്‍...പിന്നെ അവളാണെങ്കില്‍ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഏറെ സമര്‍ത്ഥ....നന്നായി പാടും....പിന്നെ നൃത്തം, പ്രസംഗം തുടങ്ങി എല്ലാറ്റിലും ഒരു കൈ നോക്കാന്‍ ആവശ്യത്തിന്‌ ദൈവം കഴിവുകള്‍ നല്‍കിയിരിക്കുന്നു...
ദൈവമേ എന്തിനും നിനക്കും പക്ഷ ഭേദമുണ്ടോ?....എന്നെ മാത്രം ഇങ്ങനെ ഒരു നിര്‍ഗുണ പരബ്രഹ്മം ആക്കാന്‍ ഞാന്‍ എന്തു തെറ്റാണ്‌ ചെയ്തത്‌? അതോ വല്ല മുജ്ജന്‍മ പാപ ഫലമോ? ഏന്തായാലും കൊള്ളാം ഉള്ളില്‍ തോന്നിയ പ്രണയം ഒന്നു പുറത്ത്‌ പറയാന്‍ കൂടി ഉള്ള അവസ്ഥയില്‍ എന്നെ നീ സൃഷ്ടിച്ചില്ലല്ലോ?.....ഇതായിരുന്നു കുട്ടിക്കാലത്തെ അവസ്ഥ... .....

പത്താം ക്ളാസ്സ്‌ കഴിഞ്ഞ സമയം അച്ഛന്‌ സ്ഥലം മാറ്റം ആയി അവളും കുടുംബവും ഏതോ ദൂരെ നാട്ടിലേക്ക്‌ പോയി എന്നറിഞ്ഞത്‌ കുറേ കഴിഞ്ഞാണ്‌. ഇത്‌ പറഞ്ഞ കൂട്ടുകാരനോട്‌ കൂടുതല്‍ വിവരങ്ങള്‍ ചോദിക്കാനുള്ള ധൈര്യമില്ലയിരുന്നു. എങ്ങാനും അവനു എന്റെ പ്രണയത്തെക്കുറിച്ച്‌ സംശയമായാലോ...ആകെ നാണക്കേടാവില്ലേ? എങ്കിലും അവളെക്കുറിച്ച്‌ അന്വേഷിക്കാതിരിക്കാന്‍ കഴിഞ്ഞില്ല....പക്ഷേ എന്ത്‌ അറിയാന്‍... ആരോട് അന്വേഷിയ്ക്കാന്‍....എവിടെയാണെന്നോ എന്തു ചെയ്യുന്നെന്നോ ഒന്നും ഒരു രൂപവുമില്ല...മനസിലെ രൂപം മാത്രം മായാതെ ഉണ്ട്‌..

ഇതിനിടെ SSLC ഫലം വന്നു...അത്യാവശ്യം ഒരു പ്ളസ്‌ വണ്‍ പ്രവേശനം സംഘടിപ്പിക്കുവാനുള്ള മാര്‍ക്കൊക്കെ എനിക്കും കിട്ടി. പഠിച്ചിരുന്ന സ്കൂളില്‍ തന്നെ ചേരുകയും ചെയ്തു...എങ്കിലും ആരുടെയോ ഒരു കുറവ്‌...ആ ഇട നാഴികളില്‍ അവളുടെ കൊഞ്ചലുകള്‍ കേള്‍ക്കുന്നില്ല..സ്കൂളിലെ പ്രാര്‍ത്ഥനാ ഗാനത്തിലും ദേശീയ ഗാനത്തിലും എല്ലാം മറ്റാരുടെയോ സ്വരം ആണ്‌ ഞാന്‍ കേള്‍‍ക്കുന്നത്‌.. അതാകട്ടെ അവളുടെ സ്വര മാധുരിയോടടുത്തെങ്ങും എത്തുകയുമില്ല....ക്ളാസ്സില്‍ പുതിയ കുറെ പെണ്‍കുട്ടികള്‍ വേറെയുമെത്തി...ചിലരോടൊക്കെ ഒരു അടുപ്പം തോന്നതിരുന്നില്ല..പക്ഷേ അവളെപ്പോലെ മറ്റാരും എണ്റ്റെ മനസ്സില്‍ കുടിയേറിയില്ല....എന്റെ സ്വകാര്യ നിമിഷങ്ങളിലെല്ലാം ഒരു നൊമ്പരമുണര്‍ത്തി അവളുടെ ഓര്‍മകള്‍ എന്നില്‍ നിറഞ്ഞു നിന്നു ... കാലം മുന്നോട്ട്‌ പിന്നെയും പോയി....ഇതിനിടെ പ്ളസ്‌ വണ്‍ പരീക്ഷ കഴിഞ്ഞു...എന്‍ട്രന്‍സ്‌ കടമ്പ തട്ടി വീണ്‌ ഞാന്‍ ഒരു എഞ്ചിനീയറിംഗ്‌ കോളേജില്‍ ചേര്‍ന്നു...അവിടെയും ഒരോ സുന്ദരിപ്പെണ്‍കുട്ടികളും എന്നില്‍ അവളുടെ ഓര്‍മകളെ ഉണര്‍ത്തുമായിരുന്നു...മനസ്സ്‌ മറ്റാര്‍ക്കും നല്‍കാന്‍ ഇതു വരെയും കഴിഞ്ഞിട്ടുമില്ല...വെറുമൊരു കൌമാര ചാപല്യമായിരുന്നില്ല് അത്‌ എന്ന് എനിയ്ക്ക് തോന്നി ത്തുടങ്ങി..പക്ഷേ എന്തു കാര്യം...എന്നും തുറന്നു പരയാന്‍ കഴിയാതിരുന്ന ഈ പ്രണയവുമായി ജീവിക്കാനോ എന്റെ വിധി...എന്തോ എനിക്കറിയില്ല...

അങ്ങനെയിരിക്കയാണ്‌ കോളേജിലെ കംപ്യൂട്ടര്‍ ലാബില്‍ വച്ചു പുതിയ സഹപാഠി ഓര്‍ക്കുട്ടിനെ പരിചയപ്പെടുത്തുന്നത്‌...ഏറെ വാചാലാനായി അവന്‍ ...ഓര്‍ക്കുട്ടിന്റെ അനന്ത സാധ്യതകളെക്കുറിച്ച്‌... തന്റെ പ്രിയ സുഹൃത്തുക്കളുടെ പ്രൊഫൈല്‍ കാട്ടിത്തന്ന് കുറേപ്പേരെ എനിയ്ക്കും പര്രിചയപ്പെടുത്തി..പണ്ട് നാട്ടിന്‍പുറാത്തെ സ്കൂളില്‍ പഠിച്ചവര്‍ മുതല്‍ അങ്ങ് ബ്രസീലിലും മറ്റുമുള്ള പുല ബന്ധം പോലുമില്ലാത്ത കുറേപ്പേരെ വരെ......എന്റെ മനസ്സില്‍ ഒരു പുതു പ്രതീക്ഷ നാമ്പിട്ടുവോ?

ഓര്‍ക്കുട്ടിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട്‌ സൊള്ളുന്നതിനിടയിലും എന്റെ ആവശ്യപ്രകാരം ഒരു ID ഉണ്ടാക്കി തരുവാന്‍ പ്രിയ സുഹൃത്ത്‌ മറന്നില്ല. അങ്ങനെ ആദ്യമായി ഞാന്‍ ഓര്‍ക്കുട്ടിലെത്തി....വിറയ്ക്കുന്ന കൈകളോടെ ഏറെ പ്രതീക്ഷയോടെ ഞാന്‍ സെര്‍ച്ച്‌ ബോക്സില്‍ ടൈപ്പ്‌ ചെയ്തു "ലക്ഷ്മി "... അതായിരുന്നു അവളുടെ പേര്‌...എന്റെ പ്രതീക്ഷകള്‍ക്ക്‌ മേല്‍ കാര്‍മേഘം മൂടും മാതിരി സ്ക്രീനില്‍ തെളീഞ്ഞത്‌ ഒരായിരം ലക്ഷ്മിമാര്‍.. ദേഷ്യവും സങ്കടവും ഒക്കെ തോന്നിയെങ്കിലും കൂടെ ഓര്‍മ വന്നത്‌ നമ്മുടെ ജയറാമിണ്റ്റെ പാട്ടാണ്‌..."കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ..." എങ്കിലും പ്രതീക്ഷ കൈ വിട്ടില്ല ഞാന്‍... പിന്നീടുള്ള ദിവസങ്ങളില്‍ ഓര്‍ക്കുട്ട്‌ ഗവേഷണമായിരുന്നു...ഒടുവില്‍ യൂസര്‍ സെര്‍ച്ചും ഫില്‍റ്റേര്‍സും ഒക്കെ എങ്ങനെ ഉപയോഗിക്കാമെന്നും എല്ലാം മനസിലാക്കി...ഒരുപാടു പേരെ ഓര്‍കുട്ട്‌ പരിചയപ്പെടുത്തി...അതില്‍ കുറെ ലക്ഷ്മിയേയും...പക്ഷേ ഇന്നും എന്റെ ലക്ഷ്മി മാത്രം എനിക്ക്‌ പിടി തന്നിട്ടില്ല...എനിക്കുറപ്പുണ്ട്‌...ഈ പ്രൊഫൈലുകളിലൊന്നില്‍ അവള്‍ ഒളിഞ്ഞിരിപ്പുണ്ട്‌...ഇന്നല്ലെങ്കില്‍ നാളെ അവളെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ...പറയാന്‍ മറന്നതും മടിച്ചതുമായ ഒത്തിരി വിശേഷങ്ങള്‍ പങ്കുവെയ്കാമെന്ന ആഗ്രഹത്തോടെ....ഞാന്‍ ഇന്നും അന്വേഷണം തുടരുകയാണ്‌.....അഥവാ നീളുകയാണ്‍....എന്റെ അന്വേഷണം