Thursday, March 27, 2008

കവിത - മുഹൂര്‍ത്തം

ഇല്ല നീ പോയിട്ടില്ലിന്നും
ഞാനറിയുന്നെന്റെ
ഓരോ നിശ്വാസത്തിലും
നിന്നോര്‍മയുടെ ഊഷ്മളത
ഉണരുന്നു നിന്‍ സ്മരണകളുമായി
ഞനോരോ പ്രഭാതത്തിലും
ഏതിലുമെന്തിലും കാണുന്നു
ഞാനെന്നും നിന്റെ സ്നേഹ സാമീപ്യം..
ഒരിക്കലും കഴിയില്ല നിനക്കെന്നെ
വിട്ടകലുവാനീ ജന്മത്തിലും
വരും ജന്മങ്ങളിലും...
ഇനിയുമേകനല്ല ഞാന്‍
വിടരുന്ന പുഞ്ചിരിയായ്‌..
കൊഞ്ചലുകളായ്‌..
പിന്നെ ചിലപ്പോള്‍ പൊട്ടിച്ചിരികളായ്‌
പിന്നെ കുഞ്ഞു പിണക്കങ്ങളായ്‌...
കൊഴിയുന്ന മിഴി മുത്തുകളായ്‌
നിന്റെ സമീപ്യമുണ്ടിന്നുമെന്നൊടൊപ്പം
ജീവിക്കുമോരോ നിമിഷവും ഞാന്‍
നിന്നോര്‍മകളില്‍...
നിന്നടുത്തണയാനൊടുവില്‍
ഈശ്വരനെനിക്കായ്‌
നിശ്ചയിച്ചൊരാ മുഹൂര്‍ത്തം വരെയും..

Saturday, March 22, 2008

സമ്മാനം

ഇതെന്റെ ഹൃദയമാണ്‌
സ്വീകരിക്കുക നീ..
ഇല്ല തരാനെനിക്ക്‌..
മറ്റൊന്നുമമൂല്യമായതായ്‌..
സ്നേഹിക്കാന്‍ മാത്രമറിയുന്നീ
ഹൃദയമല്ലാതെ...
ആദ്യ സമാഗമം മുതലെന്‍
ഹൃത്തിലുയര്‍ന്നൊരു
കുഞ്ഞു നൊമ്പരം..
അറിയുന്നതിന്നു ഞാന്‍
മൂടി വച്ചൊരു
സുന്ദര പ്രണയത്തിന്റേതെന്ന്
ഇനിയും വയ്യ ഞാനെന്‍
മനസ്സു തുറക്കട്ടേ...
സ്നേഹിക്കുന്നു ഞാന്‍ നിന്നെ
എല്ലാ അര്‍ത്ഥത്തിലും...
ഇല്ല തരാനെനിക്ക്‌..
മറ്റൊന്നുമമൂല്യമായതായ്‌..
ഇതെന്റെ ഹൃദയമാണ്‌
സ്വീകരിച്ചാലും

Friday, March 14, 2008

ലേഖനം - ഒരു പെണ്‍കുട്ടിയുടെ പങ്കപ്പാടുകള്‍...

ഈ അടുത്ത ദിവസങ്ങളിലൊന്നില്‍ ഒരു സുഹൃത്തിനോടപ്പം യശ്വന്തപുരം റെയില്‍വെ സ്റ്റേഷനില്‍ ഒരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനെത്തിയതാണ്‌ സന്ദര്‍ഭം. ഏതാണ്ട്‌ 11 മണിയോടെ ഞങ്ങള്‍ എത്തുമ്പോള്‍ നല്ല ക്യൂ ആയിക്കഴിഞ്ഞു. അതായത്‌ സിറ്റിംഗ്‌ ക്യൂ കഴിഞ്ഞ്‌ പിന്നേയും പുറത്തേക്ക്‌ എത്തിയിരുന്നു. ഒന്നു രണ്ട്‌ ഫോമുകളുമായി ക്യൂവില്‍ ഇടം പിടിച്ച്‌ കഴിഞ്ഞാണ്‌ ഞാന്‍ നമ്മുടെ കഥാപാത്രത്തെ ശ്രദ്ധിച്ചത്‌.... ഇനി ഞാന്‍ നമ്മുടെകഥാപാത്രത്തെക്കുറിച്ച്‌ ഒന്നു വിവരിക്കാം....ഒറ്റ നോട്ടത്തില്‍ ഒരു 20-25 വയസ്സിനകത്ത്‌ പ്രായം തോന്നിക്കുന്ന ഒരു യുവതിയാണ്‌ ഞാന്‍ പറഞ്ഞ കഥാപാത്രം. കൂടെ ഒരു സുഹൃത്തുമുണ്ട്‌. മുഖത്തേക്ക്‌ നോക്കിയാല്‍ പ്രകടമായി കാണുന്ന ഒരു മൂക്കുത്തി അണിഞ്ഞിരിക്കുന്നു. ഒരു ജീന്‍സും പിന്നെ ഒരു പള്ളയുടുപ്പുമാണ്‌ വേഷം. പള്ളയുടുപ്പ്‌ എന്നു പറഞ്ഞത്‌ മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്‌ കക്ഷി ഒരഞ്ചു വര്‍ഷമെങ്കിലും മുന്നെ വാങ്ങിയതോ അല്ലെങ്കില്‍ കഴുകിക്കഴിഞ്ഞപ്പോള്‍ ചുരുങ്ങിപ്പോയതോ ആകാം ആ ഉടുപ്പ്‌. എന്തായാലും ശരി അതു ഒരു സൈഡ്‌ അവള്‍ തഴേക്ക്‌ പിടിച്ചിടുമ്പോള്‍ മറ്റേ സൈഡ്‌ പൊങ്ങി കടി പ്രദേശങ്ങള്‍ മുഴുവനും വെളിപ്പെടുതുന്നുണ്ടായിരുന്നു ആ വേഷം. ഇതു മനസ്സിലാക്കിക്കൊണ്ട്‌ തന്നെയാകണം ആ കുട്ടിയുടെ രണ്ടു കൈകളും വിശ്രമമില്ലാതെ ഉടുപ്പിന്റെ രണ്ട്‌ സൈഡുകളും പിന്നെ പിറകുവശവും വലിച്ച്‌ വലിച്ച്‌ നില്‍ക്കുന്നു. ഇടക്കിടെ തൊട്ടു പിറകില്‍ നില്‍ക്കുന്ന പുരുഷന്മാരെ സംശയദൃഷ്ട്യാ നോക്കുന്നുമുണ്ട്‌. എന്റെ നോട്ടം മുഴുവന്‍ അവളിലേക്ക്‌ കേന്ദ്രീകരിച്ചപ്പോള്‍ എന്റെ കൂട്ടുകാരിക്ക്‌ പതിവു പോലെ അതത്ര ദഹിച്ചില്ല... അവള്‍ തന്റെ അസഹിഷ്ണുത നോക്കിലും വാക്കിലുമെല്ലാം പ്രകടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു...ഞാന്‍ അങ്ങനെ പതുക്കെ എന്റെ ദൃഷ്ടി മാറ്റിമറ്റുപല്‍തും സംസാരിച്ച്‌ മറ്റുള്ളവെരെയും വായിനോക്കി സമയം കൊല്ലുകയാണ്‌...ഇടയ്ക്കിടെ നമ്മുടെ കഥാപാത്ത്രത്തിലേക്കും ശ്രദ്ധ പാളുന്നുണ്ട്‌... ഇനിയാണ്‌ രസകരമായാ സംഗതി...ക്യൂ നീങ്ങി നീങ്ങി നമ്മുടെ കഥാപാത്രം സിറ്റിംഗ്‌ ക്യൂവിലെക്കെത്തി..അപ്പൊഴല്ലെ യഥാര്‍ത്ഥ പ്രശ്നം തുടങ്ങിയതു...കസേരയിലെക്കിരുന്ന അയാളുടെ ഉടുപ്പിന്റെ പിറക്‌ വശം ഉയര്‍ന്നു പൊന്തിപ്പോകുന്നു...ഇപ്പോ ഒരു കൈ പൂര്‍ണ്ണമായും പിറകിലേക്ക്‌ വിട്ട്‌ കൊടുത്ത്‌ അവള്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങി...കൂടെ തൊട്ടു പിറകില്‍ ഇതൊക്കെ ആസ്വദിച്ച്‌ നില്‍ക്കുന്നവരെ പുച്ഛത്തോടെ നോക്കുന്നുമുണ്ട്‌...അപ്പോഴേക്കും ഞാന്‍ വീണ്ടും അവളിലേക്കാക്കി എന്റെ ശ്രദ്ധ മുഴുവന്‍.. ഒരു കൈയ്യുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം ഉണ്ടായിട്ടും.. പ്രശ്നം ഇനിയും തീര്‍ന്നില്ല... ..ഒരു കസേരകളിയിലെന്ന പോലെ ആള്‍ക്കാര്‍ ക്യൂവില്‍ നീങ്ങുന്നതനുസരിച്ച്‌ കസേര മാറുകയും വേണം. ഓരോ പ്രാവശ്യം മാറുമ്പോഴും ആകെക്കൂടി ഒരു ബുദ്ധിമുട്ട്‌..ഒടുവില്‍ നീങ്ങി നീങ്ങി ഒരു ഭിത്തിയോടു ചേര്‍ന്ന ഭാഗത്തെത്തിയപ്പോഴാണ്‌ അവളുടെ കൈകള്‍ക്ക്‌ അല്‍പം വിശ്രമം കിട്ടിയത്‌...പക്ഷെ അവിടെ തന്നെ ഇരിക്കാന്‍ കഴിയില്ലല്ലോ...അപ്പൊഴാണു അവളൊരു മാര്‍ഗം കണ്ടതു...എന്നാല്‍ പിന്നെ ഒരു തൊട്ടു മുന്നിലെ ഒരു 4-5 കസേരകള്‍ ഒഴിഞ്ഞിട്ട്‌ മാറിയിരിക്കാം..അതു വരെ സമാധാനമായി ഇരിക്കാമല്ലോ...അവിടെയും കലിപ്പ്‌...പിറകില്‍ അതുവരെ എല്ലാം കണ്ടാസ്വദിച്ച്‌ നിന്ന ഒരു യുവാവിന്റെ വക ചോദ്യം...Y cant u sit in the vacant seats ma'm...cant u see the senior citizens standing at the back and cant u feel like respecting them ?? മ്മത്ത്രമോ മറ്റു 2-3 പേരു അതേറ്റു പിടിച്ചു...അല്ല അതെപ്പോഴും അങ്ങനെയാണല്ലോ...ആരാദ്യം അടിക്കും എന്നതാണാല്ലോ ചോദ്യം...ഒരടി വീണാല്‍ പിന്നെ ചറ പറാ അടിയായിരിക്കുമല്ലോ... കുഴഞ്ഞില്ലേ? കാര്യം?...ഈ സമയം ഞാന്‍ നേരത്തെ പറഞ്ഞ നമ്മുടെ കഥാപാത്രത്തോടൊപ്പമുള്ള കൂട്ടുകാരി വക ഒരു ന്യായീകരണ ശ്രമം...See man the queue is moving fast u knw and she thought of sitting after the next rotation...blah blah.. അപ്പോഴേക്കും ഒരു ജെന്റില്‍ മാന്‍ ഇടപെടുന്നു..Plz dont argue and take the vacant seat infront...plz ഒടുവില്‍ രണ്ടാളും മാറി ഇരുന്നു...ഈപ്പോള്‍ സംഗതികള്‍ കുറേക്കൂടി സുതാര്യമാണ്‌....കസേരയ്ക്കു തൊട്ടു പിറകിലായി ഒരു വലിയ ക്യൂ...പ്രായ ഭേദമന്യേ എല്ലാ മാന്യ വ്യക്തികളുടെയും നോട്ടം അങ്ങോട്ട്‌ തന്നെ...ഞാനായിട്ട്‌ കുറയ്ക്കാന്‍ പാടില്ലല്ലൊ...സുഹൃത്തിന്റെ എതിര്‍പ്പ്‌ വക വെയ്ക്കാതെ ഞാനും എല്ലാം ആസ്വദിച്ചു നിന്നു..കൂടത്തിലൊരു സംശയവും...പുള്ളിക്കാരി ഇനി നമ്മുടെ Britneyയുടെ ആരാധികയാണോ??...ഏയ്‌ ആയിരിക്കില്ലാ...ഇപ്പോള്‍ മാര്‍ക്കെറ്റില്‍ ഷൂ ലെയ്സ്‌ പോലെയുള്ളതൊക്കെ കിട്ടുന്നുണ്ടല്ലോ...അതു പോലെ എന്തേലും കാണും...ഞാന്‍ മനസില്‍ പറഞ്ഞു...ഈ സമയം കൊണ്ട്‌ പാവം കൗണ്ടറില്‍ എത്തി ടിക്കെറ്റും വാങ്ങി പുറത്തേക്ക്‌...പോന്ന വഴിക്ക്‌ നമ്മുടെ ആ ചെറുപ്പക്കാരനെ നോക്കി എന്തൊക്കെയോ കുശു കുസുക്കുന്നുണ്ടായിരുന്നു അവള്‍....

അപ്പോ ഇനി കാര്യത്തിലേക്ക്‌ വരാം....നേരെ ചൊവ്വേ മറയേണ്ടതൊക്കെ മറയുന്ന്ന ഒരു ഡ്രസ്സ്‌ ഇട്ടു വന്നിരുന്നുവെങ്കില്‍ ഈ പങ്കപ്പാടുകള്‍ വല്ല്ലതുമുണ്ടായിരുന്നോ? ഇനി അഥവാ ഇത്തരം ഡ്രസ്സ്‌ ഇട്ട്‌ വന്നാല്‍ കാണാവുന്നതൊക്കെ ഇഷ്ടമുള്ളോരു കണ്ടോട്ടെ എന്നു വിചാരിച്ചാല്‍പ്പോരെ...ഇതൊരു മാതിരി ചുമ്മാതിരുന്ന 'ഏതാണ്ടില്‍' ചുണ്ണാമ്പിട്ട്‌ പുണ്ണാക്കി എന്ന് പറഞ്ഞ പോലെ...
അതുകൊണ്ടെന്റെ പൊന്നു സഹോദരിമാരോടൊരപേക്ഷ...മാന്യമായി വസ്ത്രം ധരിക്കുക ...അതല്ലാ ഇത്തരം വസ്ത്രധാരണ രീതികളാണ്‌ ഇഷ്ടമെങ്കില്‍...ദയവ്‌ ചെയ്തു സൗന്ദര്യാരാധകരായ എന്നെപ്പോലെയുള്ളവരുടെ നോടത്തില്‍ അസഹിഷ്ണുത തോന്നരുത്‌...

Thursday, March 13, 2008

മറുപടി

കഴിയണം നിനക്കെല്ലാം മറക്കാന്‍...
ഇനിയെന്തിനാലോചിക്കുന്നതേക്കുറിച്ച്‌??
ചിന്തിക്കുക നിന്‍ ഭാവിയെക്കുറിച്ചിനി...
വിശ്വസിക്കയിനിയെങ്കിലുമെല്ലാം നല്ലതിനെന്ന്..
പ്രതീക്ഷിക്കുക നയിക്കുമെല്ലാം നന്മയിലേക്കു മാത്രമെന്ന്
ഇനിയൊന്നാലോചിക്കൂ നഷ്ടമാര്‍ക്കാണിങ്ങനെ വേവലാതിപ്പെട്ടിട്ട്‌?
പ്രതീക്ഷകള്‍ക്കൊപ്പമെല്ലാം വരണമെന്നില്ല ജീവിതത്തില്‍...
പക്ഷേ നഷ്ടപ്പെടരുതു പ്രതീക്ഷകള്‍....
മനസ്സില്‍ നിന്നകറ്റൂ നഷ്ടമായൊരിന്നലകളേ...
ഉണ്ടാകില്ലിനിയുമൊരു തനിയാവര്‍ത്തനം...
നോക്കൂ നീ ഇനിയും വരാനുള്ള നന്മകളിലേക്ക്‌...
നാളേയിലേക്ക്‌...
സ്വയം നീറി തീര്‍ക്കനുള്ളതോ വിലപ്പെട്ട ജീവിതം?
കരുതി വച്ചിട്ടുണ്ടാമീശനിനിയും നല്ലതൊക്കെയും...
കാണണമിനിയും നിറമുള്ള സ്വപ്നങ്ങള്‍..
പോരാ ശ്രമിയ്ക്കണമൊക്കെയും യാഥര്‍ത്ഥ്യമാക്കാന്‍...
നീളുന്നിങ്ങനെ ചോദ്യങ്ങളുമുപ ചോദ്യങ്ങളും...
ഉപദേശങ്ങളുമതിലേറെ ആശംസകളും...
എന്തു പറയണം ഞാന്‍?
മറുപടിയായ്‌ വിരിയുന്നതൊരു
ചെറു പുഞ്ചിരിയാണെന്‍ മുഖത്ത്‌...
എന്റെ നൊമ്പരങ്ങളൊക്കെയും
ഒളിപ്പിച്ച്‌ വച്ചൊരാ പുഞ്ചിരി...

Tuesday, March 11, 2008

മുറിപ്പാടുകള്‍

മുഴങ്ങുന്നു കുഞ്ഞേ നിന്‍ രോദനമെന്‍ കാതില്‍
എന്നുമെപ്പോഴുമേതു നിമിഷവും
തോന്നുന്നു പലപ്പോഴുമെന്‍
കൈകളില്‍ നിന്‍ ചോര മണക്കുന്നുവോ?
അറിഞ്ഞിരുന്നില്ല ഞാനൊന്നുമേ
അറിഞ്ഞതൊക്കെയുംനിന്‍ മരണശേഷം
ഒന്നും മറയ്ക്കത്തവളായിരുന്നവള്‍
നിന്നെപ്പേറിയൊരാ മാതൃത്വം...
എങ്കിലുമിതവളെന്നോടെന്തിനു മറച്ചു വച്ചൂ
ഇന്നുമെനിക്കറിയില്ലെന്നതാണു സത്യം....
അവളുടെയുള്ളില്‍ നിന്‍ ജീവന്‍ കുരുന്നിട്ടതും..
തുടിച്ചു തുടങ്ങും മുന്നേ നിന്‍
ഹൃദയത്തെ നിശബ്ദമാക്കിയതും
പിന്നീടെന്തിനവള്‍ പറഞ്ഞെന്നോടെ-
നിക്കറിയില്ലൊക്കെയും സത്യമോ?
ഒക്കെയും കളവായിരുന്നെങ്കില്‍...
എന്നോ കണ്ടു മറക്കാന്‍ കഴിഞ്ഞൊരു
ദുസ്വപ്നമായിരുന്നെങ്കില്‍....

Sunday, March 9, 2008

ഓര്‍മ്മകള്‍

എത്രയോ നാളായ്‌ നിത്യവും
സന്ദര്‍ശിക്കുന്നു ഞാന്‍
നഗരഹൃദയത്തിലെയീ ഉദ്യാനം...
എന്നാണീ പതിവ്‌ തുടങ്ങിയത്‌..
കൃത്യമായോര്‍മ്മയില്ലെനിക്ക്‌...
പക്ഷേ തനിച്ചായിരുന്നില്ല ഞാന്‍
വന്നിരുന്നതൊരുനാളും...
ആ പതിവു തെറ്റിയിട്ട്‌ നാളേറെയായിരിക്കുന്നു...
എല്ലാം മാറിപ്പോയിരിക്കുന്നിന്ന്‌...
കിന്നരിക്കുന്ന മൈനകളെ
കാണുന്നില്ലീ പുല്‍പരപ്പില്‍..
ഒഴുകുന്നൊരാ കുഞ്ഞരുവിയുടെ
സംഗീതം നിലച്ചിരിക്കുന്നു...
പൂത്തു പൂമണം വിടര്‍ത്തി നിന്നിരുന്ന
മരങ്ങള്‍ക്കിതെന്ത്‌ പറ്റി?
ഒരിലപോലുമില്ല കാണാനിന്നതില്‍
പൂമണം പരത്തി വീശിയിരുന്നൊരാ
തെന്നലിന്നെവിടെപ്പോയ്‌ മറഞ്ഞൂ...
സ്വകാര്യ നിമിഷങ്ങളിലെന്നും
കൂട്ടായിരുന്നൊരാ ഇരിപ്പിടം കൂടി
അനാഥമായിക്കിടക്കുന്നു..
ഇന്നിവിടുത്തെ വായുവിലില്ല
നിന്‍ ചുടു നിശ്വാസത്തിന്‍ ഗന്ധം..
നിറം മങ്ങിയിരിക്കുന്നിന്നീ
ത്രിസന്ധ്യ നേരത്ത്‌ പോലുമാകാശം
നഷ്ടപെടാത്തതായൊന്നുണ്ട്‌...
എന്നോര്‍മ്മകള്‍.....നൊമ്പരം
പടര്‍ത്തിക്കൊണ്ടെന്നുള്ളില്‍...
ഇന്നും നിറഞ്ഞു നില്‍ക്കുന്നാ
സുവര്‍ണ്ണ നിമിഷങ്ങള്‍ തന്നോര്‍മ്മകള്‍
നഷ്ടപ്പെടാനുള്ളതല്ല അത്‌...
ഇനി അഥവാ ആ സുഗന്ധം കൂടി
നഷ്ടമാകുന്നൊരു നാള്‍ വന്നാല്‍ ?
അറിയുക അതെന്നെത്തന്നെ
നഷ്ടമാകുന്നൊരു ദിനമായിരിക്കും