Saturday, February 16, 2008

പ്രണയദിനം

ഒരു പ്രണയദിനം കൂടി കടന്നു പോയി
പ്രണയിനിയില്ലാത്തൊരു ദിനം കൂടി...
കിട്ടിയെനിക്കുമൊരു നൂറാശംസകള്‍
പക്ഷേ എന്തു പറയാന്‍ ഞാന്‍ മറുവാക്കായി
ഔപചാരികതയുടെ നന്ദിവാക്കുകളല്ലാതെ
ഓരോ ആശംസകളുമെന്നെ ഓര്‍മ്മിപ്പിക്കുന്നു
ജീവിത വഴികളില്‍ കൊഴിഞ്ഞു വീണ
സുന്ദരമാം പ്രണയ ദിനങ്ങളെക്കുറിച്ച്‌
എന്നോ നഷ്ടമായ ഒരു പ്രണയത്തെക്കുറിച്ച്‌..
ഇല്ല നഷ്ടമായത്‌ പ്രണയിനി മാത്രമാണ്‌...
പ്രണയമിന്നുമെന്നുള്ളിലിനിയും ബാക്കി...
അതേറ്റ്‌ വാങ്ങാന്‍ നീ വരില്ലൊരിക്കലുമീ ജന്‍മത്തില്‍....
കഴിയില്ല മറ്റൊരാള്‍ക്കുമതു തിരിച്ചറിയാനും...
ഇനിയഥവാ അറിഞ്ഞുവെങ്കില്‍ തന്നെ...
പങ്കിടാന്‍ ഞാനൊട്ടൊരുക്കവുമല്ല....
കാത്ത്‌ സൂക്ഷിക്കും ഞാനതടുത്ത ജന്‍മം വരേയും
അന്നെങ്കിലും നമുക്കൊന്നാകാമെന്ന പ്രതീക്ഷയോടെ...

Wednesday, February 13, 2008

സ്വാര്‍ത്ഥത

അകലെയെങ്കിലും നിന്‍ തേജസെന്നും
പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരൂര്‍ജ്ജം പകരുന്നെന്നില്‍
അറിയാം നീ പകര്‍ന്നു തരുന്നൊരാ ശക്തി
നിന്നുള്ളം ജ്വലിക്കുന്നതില്‍ നിന്നുയിര്‍ക്കൊണ്ടതെന്ന്‌
എങ്കിലുമാഗ്രഹിക്കയാണെന്‍ സ്വാര്‍ത്ഥത
വരേണം നീ വീണ്ടുമെന്‍ ദളങ്ങള്‍ക്ക്‌ കരുത്തേകിടാന്‍...

വസന്തം

വരാനുണ്ടിനിയുമൊരുപാട്‌ വസന്തങ്ങള്‍
നന്നായറിയമതീ വാകപ്പൂവിന്‌
പൊയ്ക്കൊള്‍ക നീയാ വസന്തത്തില്‍
പുതു പൂക്കളും സൌഹൃദങ്ങളും തേടി
തെല്ലുമില്ലെനിക്ക്‌ വെറുപ്പോ വിദ്വേഷമോ..
പൊഴിയുന്ന പൂമണവും മധുരമേറുന്ന പൂന്തേനും നുകര്‍ന്ന്‌
സ്വയം മറന്നിരിക്കുന്നൊരാ വേളയില്‍
മാറ്റിവെയ്ക്കാനുണ്ടാകില്ല
എനിക്കായൊരു നിമിഷം പോലും
അതുമറിയാമതിലും ഖേദിക്കുന്നില്ല ഞാന്‍
വസന്തമൊരിക്കല്‍പോയി മറയും
മനസ്സിലാക്കുകയതൊരനിവാര്യത മാത്രം
തളരരുതപ്പോഴുമൊരു പ്രതിസന്ധിയിലും
കഴിയണം കൊഴിഞ്ഞൊരാ വസന്തത്തിന്‍
വര്‍ണ്ണപ്പൊലിമ കാത്ത്‌ സൂക്ഷിക്കാന്‍
നിനക്കു നിന്‍ മനസ്സിലെപ്പോഴുമെന്നും
സ്വയമറിയുക മടങ്ങിവരലുമനിവാര്യമെന്ന്‌
വന്നു ചേര്‍ന്നിടും വസന്തം
നിന്‍ പടിവാതില്‍ക്കലേക്ക്‌ വീണ്ടും
കാത്തിരിക്കുകയാ വരവിനായ്‌ പ്രതീക്ഷയോടെ..
അതുവരെയിറ്റ്‌ സാന്ത്വനമേകാന്‍
ഇവിടെയുണ്ടാകും ഞാനെന്നും നിറചിരിയോടെ
മടിയ്ക്കരുതെന്നിലേക്ക്‌ മടങ്ങി വരുവാന്‍
ഒരിറ്റ്‌ ചാരിതാര്‍ത്ഥ്യമേകിയേക്കുമെനിക്കാവരവ്‌
വരിക വീണ്ടും...... അടുത്ത വസന്തത്തില്‍ പിരിയാനായെങ്കിലും......

Saturday, February 2, 2008

ദാതാക്കളെ ആവശ്യമുണ്ട്... ബീജ ദാതാക്കളെ...

തലക്കെട്ട് കണ്ടിട്ട് ഇത് വല്ല അമേരിക്കയിലോ യൂറോപ്യന്‍ രാജ്യത്തോ ആനെന്നു കരുതിയെങ്കില്‍ തെറ്റി.... ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഇന്ത്യന്‍ എക്സ്പ്രെസ്സിന്റെ ബാങ്ലൂര്‍ എഡിഷനില്‍ വന്ന ഒരു വാര്‍ത്തയാണ് ഇത്.....

ഇനി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക്....

ബാംഗ്ലൂരില്‍ വളരെ നാളുകളായി പ്രവര്‍ത്തിച്ചു വരുന്ന പല ബീജ ബാങ്കുകള്‍ക്കും ആവശ്യത്തിനനുസരിച്ച് ദാതാക്കളെ കിട്ടുന്നില്ല്. അത് കൊണ്ടു തന്നെ പലപ്പോഴും ആവശ്യക്കാരെ വെറും കൈയോടെ മടക്കി വിടേണ്ടി വരുന്നു. ചില ആതുരാലയങ്ങളുടെ കണക്കുകള്‍ പ്രകാരം പുരുഷ വന്ധ്യത നേരത്തെ ഉള്ളതില്‍ നിന്നും ഒരു പാട് കൂടിയിരിക്കുന്നു. മുന്‍പ് ചികിത്സയ്ക്കയി എത്തുന്ന ദന്‍പതികളില്‍ എതാണ്ട് 30% പേര്‍ക്ക് മാത്രമേ പുരുഷ വന്ധ്യത ഒരു പ്രശ്്നമായിരുന്നുള്ളൂ....പക്ഷേ അതിപ്പോല്‍ പകുതിയില്‍ അധികം ആയിരിക്കുന്നു. ഇവരില്‍ കുറെ അധികം പേര്‍ക്കും മറ്റൊരാളുടെ ബീജം സ്വീകരിക്കുക അല്ലാതെ മാര്‍ഗമില്ലത്രെ...!! ഇങ്ങനെ വരുന്നവരില്‍ വളരെ ചുരുങ്ങിയ ഒരു വിഭാഗം മാത്രമേ ബന്ധുക്കളില്‍ നിന്ന് സ്വീകരിക്കാന്‍ തയ്യാറുള്ളൂ. ഭൂരിഭാഗം ദന്‍പതികളും അഞാതനായ ഒരാളുടെ ബീജം സ്വീകരിക്കനാണത്രേ താല്പര്യപ്പെടുന്നത്.

എന്താ ഒരു സാമൂഹ്യ സേവനത്തിനു നിങ്ങളും തയ്യാറല്ലേ? ആണെങ്കില്‍ തന്നെ ചുമ്മാതങ്ങ് നടക്കില്ല.... കണ്ട അന്ടന്റേം അടകോടന്റേം ഒന്നും ആര്‍ക്കും വേണ്ട... :)

ആദ്യമായി നിങ്ങളുടെ രക്ത ഗ്രൂപ്പ്, നിറം, മുടിയുടെയും കണ്ണിന്റെയും നിറം, പിന്നെ ചിലപ്പൊ ഉയരം, തൂക്കം മറ്റ് ശാരീരിക ലക്ഷണങ്ങള്‍ ഒക്കെ നോക്കും. പിന്നെ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, മതം, ദേശം തുടങ്ങി മറ്റു പല്‍തും.....ഇതെല്ലാം കഴിഞ്ഞ് നിങ്ങളെ പരിശോധിച്ച് അരോഗ്യ സ്ത്ഥിതി ഉറപ്പു വരുത്തും.

ഒരു ലാബിലെ ഡയറക്ടറുടെ പറഞ്ഞത് ബ്രാഹ്മിണ്‍, കത്തോലിക്ക വിഭാഗത്തിലെ ആണുങ്ങള്‍ക്ക് ആവശ്യക്കാറ് കൂടുതലാണത്രേ....

ഇനി ആലോചിക്കൂ... ദാതാവാകാന്‍ വേണ്ട യോഗ്യതയുണ്ടോ എന്ന്... ഉണ്ടെങ്കില്‍ കൊടുക്കണമോ എന്ന്....

വാല്‍ക്കഷണം : ആയ കാലത്ത് സൂക്ഷിച്ച് വെയ്കാന്‍ കൊടുത്താല്‍ ആവശ്്യമുള്ളപ്പോള്‍ തരുമോ ആവൊ ?

Friday, February 1, 2008

അറിയില്ല സഖീ....

നീയരികിലെത്തുമ്പോളറിയാതെയെന്‍ മനം കുളിര്‍ക്കുന്നതെന്തേ
നിന്‍ സ്വരം മാത്രമെന്‍ കാതില്‍ കുളിര്‍കോരുമനുഭൂതിയാകുന്നതെന്തേ
നിന്‍ ചാരെയാകുമ്പോഴെന്‍ ഹൃദയതാളമുയരുന്നതെന്തേ
നിന്നോട്‌ മിണ്ടുമ്പോഴൊക്കെയും വാക്കുകളില്‍ പരിഭ്രമം നിറയുന്നതെന്തേ
ഇപ്പോഴെന്‍ സ്വപ്നങ്ങളൊക്കെയും നിറമാര്‍ന്നതാകുന്നതെന്തേ
എന്‍ സ്വകാര്യ നിമിഷങ്ങളിലൊക്കെയും നീ മാത്രമെന്‍ മനസ്സില്‍ നിറയുന്നതെന്തേ എവിടെയുമെപ്പോഴുമെന്‍ മിഴികള്‍ നിന്നെ മാത്രം തിരയുന്നതെന്തേ
ഓരോ ഫോണ്‍ വിളികളും നിന്റേതായിരുന്നെങ്കിലെന്നാഗ്രഹിക്കുന്നതെന്തേ
അറിയില്ല പ്രിയേ എന്നുള്ളിലൊരു മോഹമുണരുകയണോ ?
അറിയില്ല സഖീയെന്നുള്ളില്‍ പ്രണയം തളിര്‍ക്കയാണോ ?